പദയാത്ര തല്‍ക്കാലം വേണ്ട; ബൂത്ത് ശാക്തീകരണത്തിന് ശ്രദ്ധകൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപി ദേശീയ നേതൃത്വം

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 20 മണ്ഡലങ്ങളിലും പദയാത്ര നടത്താനുള്ള തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ വിയോജിപ്പ്. തല്‍കാലം പദയാത്ര വേണ്ടെന്നും പിന്നീട് ആലോചിക്കാമെന്നുമാണ് അറിയിപ്പ്. തൃശൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊതുയോഗത്തിന് പിന്നാലെയാണ് തീരുമാനം. ഏപ്രില്‍-മെയ് മാസങ്ങളില്‍ പദയാത്ര നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനും പദ്ധതി തയ്യാറാക്കി. ഇതാണ് തല്‍കാലത്തേക്ക് വേണ്ടെന്ന് വെക്കുന്നത്.

20 ലോക്‌സഭാ മണ്ഡലങ്ങളിലും ഒരുദിവസം വീതമുള്ള പദയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, കാസര്‍കോട്ടു നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നടത്താനാണ് ആലോചന. കഴിഞ്ഞ ദേശീയ നിര്‍വാഹകസമിതി തീരുമാനിച്ച ‘നന്ദി മോദി’ അടക്കമുള്ള പരിപാടികളൊന്നും കേരളത്തില്‍ വിജയിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബൂത്ത് ശാക്തീകരണത്തിന് അതീവ ശ്രദ്ധകൊടുക്കണാണ് നിര്‍ദ്ദേശം. എന്നാല്‍, പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് പദയാത്ര നീട്ടിവെച്ചതെന്നാണ് സുരേന്ദ്രന്‍ വിഭാഗം പറയുന്നത്. കടുത്ത ചൂട് വെല്ലുവിളിയാകും എന്നതും പദയാത്ര നീട്ടിവെക്കാന്‍ കാരണമായി.

അതേസമയം, നടന്‍ സുരേഷ് ഗോപി അല്ലാതെ ആരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സ്ഥിരമായി കുറച്ചുപേര്‍ മത്സരിക്കാനിറങ്ങുന്നതു പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്നുണ്ട്. പുതിയ മുഖങ്ങള്‍ മത്സരിക്കണമെന്നും അതും താരപ്രഭയുള്ളവര്‍ വേണമെന്നുമാണു ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തന്നെ തീരുമാനിക്കും. ശോഭയേയും കൃഷ്ണകുമാറിനേയും അടക്കം ലോക്സഭയില്‍ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.