ന്യൂഡൽഹി: ഇന്ത്യൻ സാംസ്കാരിക – സാമ്പത്തിക പരിസ്ഥിതി പഠിക്കാൻ താലിബാൻ. ഇന്ത്യൻ ചിന്തകളിൽ അവഗാഹം തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്സിന് അഫ്ഗാനിൽ നിന്ന് താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായവർ പങ്കെടുക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ ഹ്രസ്വകാല കോഴ്സ് നടത്തുന്നത്. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും വിദേശകാര്യ മന്ത്രാലയം കോഴ്സിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മാർച്ച് 16 മുതൽ അടുത്ത 19 -ാം തീയതി വരെയാണ് ക്ലാസുകൾ നടക്കുന്നത്. ജനുവരിയിലായിരുന്നു കോഴ്സ് തീരുമാനിച്ചിരുന്നത്. പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും കോഴ്സിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കുമെന്നാണ് സംഘാടകർ ചൂണ്ടിക്കാട്ടുന്നത്.

