കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്‌സി ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് വീഴ്ത്തിയാണ് എടികെ മോഹന്‍ ബഗാന്‍ ഫൈനല്‍ ഉറപ്പിച്ചത്. ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വല കുലുക്കി. ഹൈദരാബാദ് നിരയില്‍ ഹാവിയര്‍ സിവെരിയൊ, ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ എന്നിവരും ബഗാന്‍ നിരയില്‍ ബ്രണ്ടന്‍ ഹാമിലും പെനാല്‍റ്റി പാഴാക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐഎസ്എല്‍ ഫൈനല്‍ പ്രവേശനമാണിത്.
ആക്രമണത്തില്‍ മുന്നില്‍ നിന്നത് എടികെ ആയിരുന്നു. 17 തവണയാണ് അവര്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ശ്രമിച്ചത്. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. ഹൈദരാബാദ് ആറ് തവണയും ഒറ്റത്തവണ ഓണ്‍ ടാര്‍ഗറ്റും. 15ാം മിനിറ്റില്‍ ഹൈദരാബാദ് താരം ബോര്‍യയും 18ാം മിനിറ്റില്‍ എടികെയുടെ മന്‍വീറും ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 25 മിനിറ്റ് പിന്നിട്ട ശേഷം കാര്യമായ അവസരങ്ങള്‍ ഇരു പക്ഷത്തും കണ്ടില്ല. രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന് തുറന്ന അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിട്ടും ബൗമസിന് ലക്ഷ്യം കാണാനായില്ല. ഇത് മാറ്റി നിര്‍ത്തിയാല്‍ രണ്ടാം പകുതി ഏറെക്കുറെ വിരസമായി. അധിക സമയത്തും കാര്യമായ നീക്കങ്ങള്‍ കണ്ടില്ല.
ഷൂട്ടൗട്ടില്‍ ഹൈദരാബാദാണ് ആദ്യം കിക്കെടുത്തത്. ജാവോ വിക്ടറിന്റെ കിക്ക് അനായാസം വലയില്‍. എടികെ മോഹന്‍ ബഗാനു വേണ്ടി ആദ്യ കിക്കെടുത്തത് പെട്രറ്റോസാണ്. താരവും വല കുലുക്കിയതോടെ സ്‌കോര്‍ 1-1. എന്നാല്‍ രണ്ടാം കിക്കെടുത്ത ഹൈദരാബാദിന്റെ സിവെരിയോയുടെ കിക്ക് ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയകറ്റി. പിന്നാലെ വന്ന ഗല്ലെഗോ മോഹന്‍ ബഗാന് വേണ്ടി ലക്ഷ്യം കണ്ടതോടെ ടീം 2-1 ന് മുന്നിലെത്തി. മൂന്നാം കിക്കെടുത്ത സൂപ്പര്‍ താരം ഓഗ്ബെച്ചെയ്ക്കും പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. എടികെ മോഹന്‍ ബഗാന് വേണ്ടി മൂന്നാം കിക്കെടുത്ത മന്‍വീര്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ എടികെ മോഹന്‍ ബഗാന് 3-1 ന്റെ ലീഡ്. ഹൈദരാബാദിനായി നാലാം കിക്കെടുത്ത രോഹിത് ദാനു ലക്ഷ്യം കണ്ടു. എന്നാല്‍ നാലാം കിക്കെടുത്ത എടികെ മോഹന്‍ ബഗാന്റെ ബ്രെണ്ടന്‍ ഹാമിലിന് പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇതോടെ സ്‌കോര്‍ 3-2 ആയി. ഹൈദരാബാദിനായി അഞ്ചാം കിക്കെടുത്ത റീഗന്‍ സിങ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3 ആയി. എടികെ മോഹന്‍ ബഗാന് വേണ്ടി അവസാന കിക്കെടുത്ത നായകന്‍ പ്രീതം കോട്ടാല്‍ അനായാസം ലക്ഷ്യം കണ്ടതോടെ അവര്‍ ഫൈനല്‍ ടിക്കറ്റുറപ്പാക്കി.

