ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് അവതാരകന്‍; പ്രതിഷേധം

രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ഓസ്‌കാര്‍ വേദിയില്‍ മിന്നിത്തിളങ്ങിയപ്പോള്‍ അത് ദക്ഷിണേന്ത്യയ്ക്ക് കൂടി അഭിമാനിക്കാന്‍ കാരണമായി. എന്നാല്‍, പുരസ്‌കാര വേദിയില്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ ആര്‍ ആര്‍ ആറിനെ വിശേഷിപ്പിച്ചത് ബോളിവുഡ് ചിത്രമെന്നാണ്. ജിമ്മിയുടെ നാക്ക് പിഴ ആരാധക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ‘ആര്‍ ആര്‍ ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്. ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. അല്ലാതെ ചിലര്‍ പറയുന്നത് പോലെ ബോളിവുഡ് അല്ല.’ എന്നാണ് എഴുത്തുകാരി പ്രീതി ചിബ്ബര്‍ പറഞ്ഞത്. ഓസ്‌കാറിന് വിവാദങ്ങളും സംഘര്‍ഷങ്ങളും ഇഷ്ടമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. അതേസമയം, ഓസ്‌കാര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ഗാനം അരങ്ങേറിയപ്പോള്‍ അവതാരകയായ ദീപിക പദുക്കോണ്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ പ്രൊഡക്ഷനിലുള്ള തെലുങ്ക് ചിത്രമെന്നാണ്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ ‘ആര്‍ ആര്‍ ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണ്’ എന്നാണ് സംവിധായകന്‍ എസ് എസ് രാജമൗലി പറഞ്ഞത്.