ബ്രഹ്മപുരം തീപിടിത്തം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച്ച നടത്തി വി മുരളീധരൻ

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ അദ്ദേഹം കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, അഴിമതി കരാർ തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.

പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും വി മുരളീധരൻ മുന്നോട്ടുവെച്ചു. അതേസമയം, കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തിൽ ഓടിയെത്താറുണ്ട്. എന്നാൽ, ഇത്തവണ ഇതു വരെ അവരെ സംസ്ഥാന സർക്കാർ വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോൾ സംസ്ഥാനം വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എൻഡിആർഎഫിനെ വിളിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു. അതോ അഴിമതികൾ പുറത്തുവരാതിരിക്കാനാണോ. കൊച്ചിയിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താൽ കൊച്ചി പകർച്ചവ്യാധി കൊണ്ട് മൂടും. ഇതിൽ നിന്നും രക്ഷപ്പെടാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എൻഡിആർഎഫ് സഹായം തേടണം. ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് അവസാനിപ്പിക്കണം. ഭീകരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.