ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണ്; തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് മാദ്ധ്യമങ്ങൾ കൊടുക്കുന്നതെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മന്ത്രി എം ബി രാജേഷ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് മാദ്ധ്യമങ്ങൾ കൊടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മാലിന്യ മല രണ്ട് വർഷം മുമ്പ് ഉണ്ടായതല്ല. മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. എന്നാൽ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തതെന്നും കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.