നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളപരം; ഓസ്‌കാർ വിജയത്തിൽ പ്രശംസയുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓസ്‌കാർ പുരസ്‌കാരം നേടിയ നാട്ടു നാട്ടുവിന്റെ അഭിമാന നേട്ടത്തിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടുവിന്റെ വിജയം അസാധാരണമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളപരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്.

അസാധാരണം, നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിയ്ക്ക് ആശംസ അറിയിക്കുന്നു. ഇന്ത്യ ആഹ്ലാദിക്കുന്നു, അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ ഈ വർഷം രണ്ടാമത്തെ ഓസ്‌കാർ എത്തിച്ച എലിഫെന്റ് വിസ്പറേഴ്സിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഡോക്യുമെന്ററി അതിശയകരമായി ഉയർത്തിക്കാട്ടുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, മുൻ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ തുടങ്ങി നരവധി പേർ നാട്ടു നാട്ടുവിന്റെ ഓസ്‌കാർ നേട്ടത്തിൽ പ്രശംസ അറിയിച്ചു. ഒറിജനൽ സോംഗ് വിഭാഗത്തിലാണ് ഗാനം പുരസ്‌കാരത്തിന് അർഹമായത്.