ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷനിലെ പ്ലാറ്റ്ഫോം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്ഫോമാണിത്. കര്‍ണാടക സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം.

സൗത്ത്-വെസ്റ്റേണ്‍ റെയില്‍വേ സോണിനു കീഴിലാണ് സ്റ്റേഷന്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ച് രണ്ടിനാണ് ഏറ്റവും നീളമേറിയ പ്ലാറ്റ്ഫോമായി ഇതിനെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് അംഗീകരിച്ചത്. 1507 മീറ്ററാണ് പ്ലാറ്റ്ഫോമിന്റെ നീളം. ഇരുപതുകോടിയാണ് നിര്‍മാണച്ചെലവ്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്. നേരത്തെ അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്ഫോം 1517 മീറ്റര്‍ നീളമാണുള്ളത്.

അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്‌ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും കേരളത്തിലെ കൊല്ലം ജംഗ്ഷന്‍ 1,180.5 മീറ്ററുള്ള മൂന്നാമത്തെ ഏറ്റവും നീളമുള്ള റെയില്‍വെ പ്ലാറ്റ്ഫോമുകളാണ്.