അമേരിക്കന്‍ പ്രതിസന്ധി; സിലിക്കോണ്‍ വാലി ബാങ്ക് തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്‌

സിലിക്കോണ്‍ വാലി ബാങ്ക് തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, അടച്ചുപൂട്ടിയ സിലിക്കോണ്‍ വാലി ബാങ്കിലെ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടുകയില്ല എന്ന് ഫെഡറല്‍ റിസര്‍വ് ഇന്നലെ ഉറപ്പ് നല്‍കി. സിലിക്കോണ്‍ ബാങ്കിന്റെ ആസ്തികള്‍ ലേലത്തില്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പൊറേഷന്‍ ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുക്കുന്ന പതിനാലാമത്തെ ബാങ്കാണ് സിലിക്കോണ്‍ വാലി ബാങ്ക്. ടെക് കമ്ബനികളേയും സഹായിക്കാനായി രൂപീകൃതമായ ഇത്തരം ബാങ്കുകളുടെ തകര്‍ച്ച ആ മേഖലയേയും ആശങ്കയിലാക്കിയിട്ടുണ്ട്. പല കമ്ബനികളും ഇത്തരം ബാങ്കുകളെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നത്. 2008 ലെ സാമ്ബത്തിക മന്ദ്യത്തീനു ശേഷം തകരുന്ന ഏറ്റവും വലിയ അമേരിക്കന്‍ സാമ്ബത്തിക സ്ഥാപനമാണ് സിലിക്കോണ്‍ വാലി ബാങ്ക്.

അതേസമയം, അമേരിക്കയിലെ ബാങ്കുകളുടെ തകര്‍ച്ച ബ്രിട്ടീഷ് സമ്ബദ്ഘടനക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയില്ലെന്ന് ഋഷി സുനക് പറഞ്ഞു. സിലിക്കോണ്‍ വാലി ബാങ്കിന്റെ യു കെ വിഭാഗത്തിന് ബാങ്ക് ഓഫ് ലണ്ടന്‍ ഒരു ഓഫര്‍ നല്‍കിയതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും സര്‍ക്കാരിനും ധനകാര്യ വകുപ്പിനും സമര്‍പ്പിച്ചതായും അവര്‍ അറിയിച്ചു.