തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കി സുരേഷ് ഗോപി. വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ ലോക്‌സഭയിലേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വേദിയിൽ ഉണ്ടായിരുന്നു.
ഈ തൃശൂർ നിങ്ങൾ തനിക്ക് തരണം. ഈ തൃശൂർ താനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഇനി താൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരേ നിങ്ങൾ തനിക്ക് തരണം. നിങ്ങൾ തന്നാൽ താൻ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ, കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടികണക്കിന് രൂപ നൽകി സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികൾ, ചൊറിയൻ മാക്രികൂട്ടങ്ങൾക്ക് വേണ്ടിയാണ്. വരൂ ട്രോൾ ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും. കണ്ണൂർ, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

