കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്ത പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍ , ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
അതേസമയം, ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന പുകയുടെ തോതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും വായു ഗുണ നിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

