ത്യക്കാക്കര: ബ്രഹ്മപുരത്തെ തീപ്പിടിത്തം കാരണം ആളുകള്‍ വളരെ ബുദ്ധിമുട്ടിലാണെന്നും ബ്രീത്തിങ് പ്രശ്‌നമുള്ള താന്‍ ബാഗില്‍ രണ്ട് ഇന്‍ഹേലറുകളുമായാണ് സഞ്ചരിക്കുന്നതെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
ഉമാ തോമസിന്റെ വാക്കുകള്‍
‘പാലാരിവട്ടത്ത് എന്റെ വീട്ടില്‍ എനിക്ക് രാത്രി മൂന്നു മണി കഴിഞ്ഞ് ഉറങ്ങാന്‍ സാധിക്കുന്നില്ല. എനിക്ക് ബ്രീത്തിങ് പ്രശ്നമുളളയാളാണ്. ഞാന്‍ രണ്ട് ഇന്‍ഹേലറാണ് ബാഗില്‍ കൊണ്ട് നടക്കുന്നത്. ഇന്‍ഹേലര്‍ ഉപയോഗിച്ചാല്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുളളൂ. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞാല്‍ തൊണ്ടയില്‍ എന്തോ ഇരിക്കുന്ന മാതിരിയാണ്. ഇതു പോലെ ശ്വാസതടസ്സം അനുഭവിക്കുന്ന ആളുകള്‍ ഒരുപാടുണ്ട്. കെമിക്കല്‍ റിയാക്ഷന്‍സ് ആലോചിക്കുമ്പോള്‍ വളരെയധികം പേടി തോന്നുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുക്കള്‍, ആസ്മാരോഗികള്‍, അസുഖങ്ങളൊന്നും ഇല്ലാത്തവരെയും ഇത് വളരെയധികം ബാധിക്കുന്ന പ്രശ്നമാണ്. ഡയോക്സിന്‍ പോലെയുളള മാരകമായ വിഷമാണ് പുറത്തേയ്ക്ക് വരുന്നത്. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെയുളള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കും. കോവിഡ് കാലത്ത് മുഖ്യമന്ത്രി എല്ലാദിവസവും റിപ്പോര്‍ട്ട് വായിച്ചിരുന്നുവല്ലോ. ഇവിടുത്തെ പൊലൂഷന്‍ ഇന്‍ഡക്സ് അങ്ങനെ വായിക്കുകയാണെങ്കില്‍ ആളുകള്‍ക്ക് കരുതലോടെ ഇരിക്കാനുളള ഒരു സാഹചര്യം ഉണ്ടാകുമായിരുന്നു. തീപിടിത്തത്തിന്റെ ഉത്തരവാദികള്‍ ആരോണോ അവരെ ശിക്ഷിക്കണം. ആദ്യദിവസങ്ങളില്‍ തീ കെടുത്താനുള്ള ഒരു ശ്രമം പോലും നടന്നില്ല. എന്റെ ഏരിയായിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നം ഉളളത്. കലക്ടറേറ്റിലെ മീറ്റിങ്ങിനെക്കുറിച്ച് ഞാന്‍ അറിഞ്ഞത് എറണാകുളം എംഎല്‍എ പറഞ്ഞാണ്. ഞാന്‍ കലക്ടറെ അങ്ങോട്ട് വിളിച്ചു ചോദിച്ചതിനു ശേഷമാണ് എന്നെ യോഗത്തിലേക്കു വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഒട്ടും തയാറെടുപ്പില്ലാതെ ആരൊയൊക്കെയാണു ബാധിച്ചത് എന്നു ചിന്തിക്കാതെയാണ് കലക്ടര്‍ എന്നോടു മറുപടി പറഞ്ഞത്. അത് മന്ത്രിയുടെ ഓഫിസില്‍ നിന്നുളള നിര്‍ദേശമാണ്. അവരാണ് വിളിച്ചതെന്നായിരുന്നു മറുപടി. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കലക്ടറാണ്, മിനിസ്റ്ററല്ല. പഴിചാരുകയോ മറ്റോ ചെയ്തതായിരിക്കാം. മീറ്റിങ്ങില്‍ എന്നെ വിളിക്കാത്തതിനാല്‍ ചോദിച്ചു വാങ്ങി പോയതാണ്. യോഗത്തില്‍ ഒരു തീരുമാനമൊന്നും എടുക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് കത്തയയ്ക്കുകയാണ് ആദ്യം ചെയ്തത്. രണ്ടാമത് ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയതതിന് നാളെ ഹിയറിങ് ആണ്. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ വര്‍ക്ക് ഫ്രം ഹോമാക്കി അവരെ വീട്ടിലയയ്ക്കാം. ഹോസ്റ്റലിലോക്കെ പുക കാരണം താമസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.’

