ബംഗളൂരു: കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്‌ബോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്വേയുടെ നിര്‍മ്മാണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കര്‍ണാടകയില്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മോദീ തേരി ഖബര്‍ ദുദേഗി (മോദീ, താങ്കളുടെ ശവക്കുഴി തോണ്ടും)’ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
‘കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍ ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്. മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മ്മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
അതേസമയം, ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഇന്നു നടത്തിയത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ മേഖലയില്‍ കൂടുതല്‍ സീറ്റു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിജയസാധ്യതയുള്ളവര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

