സംസ്ഥാനത്ത് 60 സ്പെഷ്യല്‍ സ്‌കൂളുകളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ മുടങ്ങി

മലപ്പുറം: സംസ്ഥാനത്ത് 317 സ്പെഷ്യല്‍ സ്‌കൂളുകളിലായി 25,000ത്തില്‍ അധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. അതിനിടെ സാമൂഹ്യനീതി വകുപ്പിന്റെ അലംഭാവത്താല്‍ 60 സ്പെഷ്യല്‍ സ്‌കൂളുകളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ മുടങ്ങിയതോടെ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്‌കൂളുകള്‍ക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3,700 ഓളം കുട്ടികള്‍ ഈ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.

സ്പെഷ്യല്‍ സ്‌കൂളുകളുടെ രജിസ്ട്രേഷന്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം. വിദ്യാര്‍ത്ഥികളുടെ എണ്ണമടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഇവര്‍ സ്‌കൂളുകളിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് ഡയറക്ടറേറ്റിലേക്ക് സമര്‍പ്പിക്കും. ഇവിടെ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിച്ചാലേ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കൂ. ജീവനക്കാരുടെ കുറവുമൂലം സമയബന്ധിതമായി പരിശോധന നടത്താനാവുന്നില്ലെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ വാദം. എന്നാല്‍ അലംഭാവമാണ് കാരണമെന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അതേസമയം, രജിസ്ട്രേഷനുണ്ടെങ്കിലേ അദ്ധ്യാപകരുടെ ഓണറേറിയം, സ്‌കൂളിനുള്ള ഗ്രാന്റ് എന്നിവ ലഭിക്കൂ. അദ്ധ്യാപകര്‍ക്ക് 33,000 രൂപയും ആയമാര്‍ക്ക് 18,000 രൂപയും മാസവേതനമായും കുട്ടികളുടെ എണ്ണമനുസരിച്ച് 6 ലക്ഷം മുതല്‍ 45 ലക്ഷം വരെ ഗ്രാന്റായും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 1,500 രൂപയും അനുവദിക്കുന്നുണ്ട്. ആറ് മാസത്തിലധികമായി രജിസ്ട്രേഷന്‍ പുതുക്കി കിട്ടാത്ത സ്‌കൂളുകളുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്‌കൂളുകള്‍ ഇവ

മലപ്പുറം, എറണാകുളം-15

കണ്ണൂര്‍-7

കോഴിക്കോട്- 6

തൃശൂര്‍-5

കാസര്‍ഗോഡ്-4

വയനാട്- 3

തിരുവനന്തപുരം- 2

കോട്ടയം-2

പാലക്കാട്-1