ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇതോടെ ബംഗളൂരുവില്‍ നിന്നു മൈസൂരുവിലേക്ക് വെറും 75 മിനിറ്റില്‍ യാത്ര ചെയ്യാം. 8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്ത് വരി പാത നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, നിലവില്‍ ബംഗളൂരുവില്‍ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബംഗളൂരുവില്‍ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂര്‍ വരെ കുറയും. എന്നാല്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, കുറഞ്ഞ വേഗമുള്ള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പാതയില്‍ ടോള്‍ പിരിവ് 14നു ശേഷം ആരംഭിക്കും. പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളില് രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പട്ടതാണ് പാത.
ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു കുശാല്‍ നഗര്‍ നാലുവരി പാതയുടെ നിര്‍മ്മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

