ന്യൂഡൽഹി: സെൻട്രൽ റെയിൽവേ ജീവനക്കാർക്ക് അനുമോദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ബ്രോഡ് ഗേജ് ശൃംഖലയിൽ സമ്പൂർണ വൈദ്യുതവത്കരണം സാധ്യമായതിലാണ് പ്രധാനമന്ത്രി ജീവനക്കാരെ അഭിനന്ദിച്ചത്. അതിവിശിഷ്ടമായ നേട്ടം, മുഴുവൻ ടീമിനേയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സോലാപുർ ഡിവിഷനിലുള്ള ഔസാ റോഡ്-ലാതൂർ റോഡ് പാതയാണ് അവസാനമായി വൈദ്യുതവത്കരിക്കപ്പെട്ടത്. 2023 ഫെബ്രുവരി 23-നാണ് ഈ പാതയുടെ വൈദ്യുതവത്കരണം പൂർത്തിയായത്. ഇതോടെ 3825 കിലോമീറ്ററോളം വരുന്ന ബ്രോഡ് ഗേജ് പാതകളിൽ നൂറ് ശതമാനം വൈദ്യുതവത്കരണം സാധ്യമായതായി സെൻട്രൽ റെയിൽവേ വ്യക്തമാക്കി. ബ്രോഡ്‌ഗേജ് പാതകൾ പൂർണമായി വൈദ്യുതവത്കരിക്കപ്പെട്ടതോടെ വർഷംതോറുമുള്ള ഹരിതഗൃഹവാതക ബഹിർഗമനത്തിൽ 5.204 ലക്ഷം ടൺ കുറവുണ്ടാകുമെന്നും 1670 കോടി രൂപയോളം ലാഭം ലഭിക്കുമെന്നും റെയിൽവേ അറിയിച്ചിരുന്നു.

