ബംഗളുരു: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ വിശദീകരണവുമായി കരാർ കമ്പനിയായ സോൻട ഇൻഫ്രാടെക്. തീപിടുത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണെന്ന് കമ്പനി വിശദമാക്കി. മാലിന്യ പ്ലാന്റിലെ മാലിന്യസംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും കമ്പനി വ്യക്തമാക്കി.
ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്വമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും സോൻടയുടെ ഉത്തരവാദിത്വമല്ലെന്ന് കമ്പനി അറിയിച്ചു.
കൊച്ചി കോർപ്പറേഷനുമായി സോൻട ഇൻഫ്രാടെക് കരാറിലെത്തിയത് 2021 സെപ്തംബർ ആറിനാണ്. ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. 2022 ജനുവരി 21നാണ്. ഫെബ്രുവരിയിവും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.

