പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്നം; അബ്ദുറബ്ബിന് മറുപടിയുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാ ചോദ്യപ്പേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച് നടത്തിയ പരാമർശത്തിനാണ് വി ശിവൻകുട്ടി മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചോദ്യപ്പേപ്പർ അച്ചടിച്ചത് പച്ചമഷിയിൽ ആകാതിരുന്നത് ഭാഗ്യം എന്നായിരുന്നു അബ്ദുറബ്ബ് പരിഹസിച്ചത്.

പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്നമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. നിറമല്ല, പ്രവർത്തനമാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലാപ്പറമ്പ് സ്‌കൂൾ നവീകരിച്ചതുമായി ബന്ധപ്പെട്ട പത്രവാർത്തയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ താൻ രാജി വയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നതെന്നും അബ്ദുറബ്ബ് അഭിപ്രായപ്പെട്ടിരുന്നു.