ബ്രഹ്‌മപുരത്തെ പുക; ആരോഗ്യസര്‍വേ നടത്തും, കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. കൂടുതൽ മെഡിക്കൽ സംഘടിപ്പിക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെയും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, വിദഗ്ധ ഡോക്ടർമാർ എന്നിവരുമായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സഹകരിച്ച് പ്രവർത്തിക്കും. കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒൻപത് മെഡിക്കൽ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. ഓൺലൈനിൽ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഭ്യർത്ഥന പ്രകാരമാണ് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള സഹായ സഹകരണങ്ങൾ നൽകാമെന്ന് യോഗത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രിളും ഭാരവാഹികൾ അറിയിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് പുറമേ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നൽകും.

പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾ മെഡിക്കൽ ഓഫീസുമായി പങ്കുവയ്ക്കണമെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. ഇതിനായി ആശുപത്രികൾക്ക് പ്രത്യേക ഫോർമാറ്റ് നൽകും. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ആരോഗ്യ വകുപ്പും ഐ.എം.എയും ചേർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുൽ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.

ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ 421 പേർ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേർ ഉൾപ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയിൽ ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.