കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ മുരളീധരന്‍ എം.പി രംഗത്ത്.
‘മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായിരുന്നു. 18 മണിക്കൂറാണ് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തത്. ഈ നിലാപാട് പിണറായി വിജയനും കാണിക്കണം. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇഡിയുടെ അന്വേഷണം എന്തുമാത്രം മുന്നോട്ടു പോകുമെന്ന് സംശയമുണ്ട്. അതിനാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം. വിജേഷ് പിള്ള ആള് ശരിയല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കണ്ണൂരില്‍ പൊതുവെ പിള്ള എന്ന് പറഞ്ഞ് കേട്ടിട്ടില്ല. കണ്ണൂരിലെന്നല്ല, മലബാര്‍ ഭാഗങ്ങളില്‍ പിള്ള എന്ന പേര് പൊതുവെ കേട്ടിട്ടില്ല. തിരുവിതാംകൂര്‍ ഭാഗത്താണ് പിള്ള എന്ന് പേരിനോട് ചേര്‍ത്ത് കേട്ടിട്ടുള്ളത്. കണ്ണൂരിലേക്ക് താമസം മാറിയതാകാം’- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

