റാം ചന്ദ്ര പൗഡലിനെ നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു; മാർച്ച് 12ന് അധികാരമേൽക്കും

കാഠ്മണ്ഡു: റാം ചന്ദ്ര പൗഡലിനെ നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. റാം ചന്ദ്ര പൗഡൽ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നത് മാർച്ച് 12നാണ്. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയാണ് പൗഡൽ. 214 പാർലമെന്റ് നിയമസഭാംഗങ്ങളും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളും അദ്ദേഹത്തിന് വോട്ടു ചെയ്തു.

ബിദ്യാ ദേവി ബണ്ഡാരിയാണ് നിലവിലെ നേപ്പാൾ പ്രസിഡന്റ്. മാർച്ച് 12 നാണ് ബിദ്യാ ദേവി ഭണ്ഡാരിയുടെ കാലാവധി അവസാനിക്കുന്നത്. അഞ്ചു വർഷമാണ് ഒരു പ്രസിഡന്റിന്റെ കാലാവധി. ഓരോ വ്യക്തിക്കും രണ്ടു തവണ മത്സരിക്കാനുള്ള അവസരം ലഭിക്കും.

ബഹുൽപൊഖാരിയിലെ മധ്യവർഗ കർഷക കുടുംബത്തിലാണ് പൗഡൽ ജനിച്ചത്. 1944 ഒക്ടോബർ 14നായിരുന്നു ജനനം. 16-ാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പൗഡൽ നേപ്പാളി കോൺഗ്രസിന്റെ സ്റ്റുഡന്റ് വിങ് നേപ്പാളി സ്റ്റുഡന്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1970ലായിരുന്നു യൂണിയൻ രൂപീകരിച്ചത്. പൗഡൽ ആദ്യമായി നിയമനിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 1991ലാണ്. തന്നു ജില്ലയിൽ നിന്ന് പിന്നീട് തുടർച്ചയായി ആറു തവണ കൂടി തെരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്റിലെ 332 അംഗങ്ങളും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉൾപ്പെടെ 882 വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ളത്. 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാർലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം വ്യക്തമാക്കി.