ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

ഹാംബര്‍ഗ്: ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ജര്‍മ്മന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ആറ് പേര്‍ കൊല്ലപ്പെട്ടതായും അക്രമി ഒളിവിലാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍ പോലീസ് ഉപരോധിച്ചു. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പൊലീസ് സന്ദേശം കൈമാറി.