ഒറ്റ രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് നാല്‍പതിനായിരത്തോളം പേർ

lockdown

തിരുവനന്തപുരം∙ ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിനായി വന്‍തിരക്ക്. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്നു തന്നെ പാസ് ഡൗൺലോഡ് ചെയ്യാം.

അതേസമയം വെബ്സൈറ്റ് നിലവിൽ വന്ന്, ഒറ്റ രാത്രികൊണ്ട് നാല്‍പതിനായിരത്തോളം പേരാണ് പാസിനായി അപേക്ഷിച്ചത്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രയ്ക്ക് മാത്രമേ പാസ് അനുവദിക്കൂവെന്നും പൊലീസ് അറിയിച്ചു.

അടച്ചുപൂട്ടലിന്‍റെ രണ്ടാംദിനത്തിലും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ്. ശക്തമായ പരിശോധനയുമായി പൊലീസ് നിരത്തിലുണ്ട്. അനാവശ്യ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നത് തുടരും. വാഹനങ്ങളും പിടിച്ചെടുക്കുന്നുണ്ട്. ചരക്കുവാഹനങ്ങളേയും അവശ്യ സര്‍വീസുകാരെയും അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരേയും മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്. ആദ്യ ദിനത്തില്‍ ലോക്ഡൗണിനോട് ജനം പൂര്‍ണമായും സഹകരിച്ചു.

ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ അനുവദിക്കില്ല. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിൽസാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയൽ കാർഡ് കൂടി കരുതേണ്ടതാണ്. വാക്സിനേഷന് പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യാം.