ടാറ്റ കോവിഡ് ഹോസ്പിറ്റലിലെ കണ്ടെയ്‌നറുകള്‍ പൊളിച്ചു നീക്കാനൊരുങ്ങുന്നു

കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ഹോസ്പിറ്റലിലെ കണ്ടെയ്‌നറുകള്‍ പൂര്‍ണമായും പൊളിച്ചു നീക്കാനൊരുങ്ങുന്നു. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്നു പറഞ്ഞ് കോടികള്‍ മുടക്കി നിര്‍മിച്ച കണ്ടെയ്‌നറുകള്‍ ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാല്‍ അവ പൂര്‍ണമായും മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എംഎല്‍എ വ്യക്തമാക്കി.

അതേസമയം, കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാന്‍ കാരണമെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിര്‍മിച്ച തറ നാശാവസ്ഥയിലാണ്. വെന്റിലേറ്ററുകള്‍ അടക്കം ഉപകരണങ്ങള്‍ നാശാവസ്ഥയിലായി. സീലിങ് വഴിയും ജനല്‍ വഴിയുമാണ് വെള്ളം ആശുപത്രിക്ക് അകത്ത് എത്തുന്നത്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയാണ് വെള്ളം ഒലിച്ച് ഇറങ്ങുന്നത്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് വരെ കാരണമാകാമെന്ന സ്ഥിതിയാണ്. തീ പിടിത്ത സാധ്യത ഏറെയാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ടാറ്റയുടെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിര്‍മാണം നടത്തുന്നതെന്നാണ് ജില്ലാ ഭരണകൂടം അന്ന് അറിയിച്ചത്. ടാറ്റയാണു പണിതതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിര്‍മിക്കുമ്പോള്‍ തന്നെ അധികൃതര്‍ പറഞ്ഞതാണ്. എന്നാല്‍, അതുണ്ടായില്ല.