കൊച്ചി: നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണെന്ന് എറണാകുളം കളക്ടറായിരുന്ന രേണുരാജ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നും രേണുരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രേണുരാജിന്റെ പ്രതികരണം. എല്ലാവർക്കും വനിതാ ദിനാശംസകൾ നേരുന്നുവെന്നും രേണുരാജ് വ്യക്തമാക്കി.
ബുധനാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് രേണുരാജ് ഈ പോസ്റ്റ് പങ്കുവെച്ചത്. അതേസമയം, രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി വയനാട് കളക്ടറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായാണ് സ്ഥലം മാറ്റം. വിവിധ ജില്ലകളിലെ കളക്ടർമാരെ സ്ഥലംമാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെയാണ് രേണുരാജിനെ സ്ഥലംമാറ്റിയത്. ഇതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് രേണുരാജ് ഫേസ്ബുക്കിലൂടെ പ്രതിഷേധ പോസ്റ്റ് പങ്കുവെച്ചതെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

