തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകും. പാഠ്യേതരവിഷയങ്ങളിൽ മികവ് തെളിയിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഗ്രേസ് മാർക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രേസ്മാർക്ക് മുൻവർഷങ്ങളിൽ ശാസത്രീയമായല്ല നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.
ബ്രഹ്മപുരത്തെ വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശ നൽകിയിട്ടുണ്ട്. കേരളത്തിലെ പ്ലസ് വൺ സീറ്റുകളിൽ ജില്ലാടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

