വാഷിംഗ്ടൺ: ഇന്ത്യ- പാക് സംഘർഷം വർദ്ധിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സൈനിക ശക്തി ഉപയോഗിച്ച് പാക് പ്രകോപനങ്ങൾക്ക് മറുപടി നൽകുമെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടി. അതിർത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും 2020ലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലുണ്ട്.
അതിർത്തികളിൽ ഇന്ത്യയും ചൈനയും സൈനികവിന്യാസം വർദ്ധിപ്പിച്ചത് സായുധ ഏറ്റുമുട്ടലിനുള്ള സാദ്ധ്യത ഉയർത്തുന്നു. ഇത് യു എസ് വ്യക്തികൾക്കും താത്പര്യങ്ങൾക്കുംമേൽ ഭീഷണിയാകുന്നുവെന്നും ഇത് യു എസിന്റെ ഇടപെടലിന് ആഹ്വാനം ചെയ്യുമെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

