കുരുക്ക് മുറുകുന്നു; ലൈഫ് മിഷൻ അഴിമതിയിൽ സി എം രവീന്ദ്രന് പങ്കുണ്ടെന്ന വിവരങ്ങൾ ഇഡിയ്ക്ക് ലഭിച്ചതായി സൂചന

കൊച്ചി: ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പങ്കുണ്ടെന്ന വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതുസംബന്ധിച്ച മൊഴികൾ ഇഡിയ്ക്ക് ലഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസിന്റെയും മൊഴികളാണ് രവീന്ദ്രനെ കുരുക്കിലാക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കാളിയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് താൻ ധാരണാപത്രം ഒപ്പുവെച്ചതെന്ന് യു വി ജോസും ഇഡിയ്ക്ക് മൊഴി നൽകി. രവീന്ദ്രന്റെ ഇടപെടൽ വ്യക്തമാക്കുന്ന നിർണായക ഡിജിറ്റൽ തെളിവുകളും ഇഡിയുടെ പക്കലുണ്ട്.

കേസിൽ രണ്ട് ദിവസങ്ങളിലായി ഇരുപത് മണിക്കൂറിലേറെ നേരമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് എം ശിവശങ്കറും യു വി ജോസും ചേർന്നാണെന്നുമായിരുന്നു രവീന്ദ്രന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങൾക്കും രവീന്ദ്രൻ കൃത്യമായി മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അതേയമയം, ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളും അനുബന്ധ വിവരങ്ങളും വിശകലനം ചെയ്ത ശേഷം രവീന്ദ്രനെ വീണ്ടും വിളിപ്പിക്കാനാണ് ഇഡി പദ്ധതിയിടുന്നതെന്നാണ് വിവരം.