കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുന്ന സമയത്ത് മാദ്ധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കോടതി. കേസിലെ ഒന്നാം പ്രതി ജോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കേസിന്റെ വിചാരണ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾ കോടതി വളപ്പിൽ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മാദ്ധ്യമങ്ങൾ തന്റെ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി പരാതി നൽകിയത്. അതേസമയം, കൂടത്തായി കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റോയ് തോമസിന്റെ സഹോദരിയെ കോടതി വിസ്തരിച്ചിരുന്നു. 158 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. വരും ദിവസങ്ങളിൽ ഹാജരാകണമെന്ന് വ്യക്തമാക്കി കോടതി ഇവർക്ക് സമൻസ് അയച്ചിട്ടുണ്ട്.

