ന്യൂഡൽഹി: കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ച യുവമോർച്ചാ വനിത പ്രവർത്തകയെ പുരുഷ പൊലീസ് തടഞ്ഞ സംഭവത്തിൽ ഇടപെട്ട് ദേശീയ വനിത കമ്മീഷൻ. വിഷയം ഏറ്റെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ അറിയിച്ചു. മാർച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും രേഖ ശർമ പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകർന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ച ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് മാർച്ച് 9 ന് കേരളത്തിലെത്തുമെന്ന വിവരം വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കിയത്.
കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച നേതാവ് വിസ്മയയെയാണ് പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം അടിച്ചമർത്തുമെന്ന നിലപാട് തിരുത്തിയില്ലങ്കിൽ അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കഴിഞ്ഞ ദിവസം അഴിമതിക്കെതിരെ സമരം ചെയ്തതിന് പോലീസ് അതിക്രമത്തിനിരയായ യുവമോർച്ച വനിതാ നേതാവ് വിസ്മയയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ചയുടെ വനിതാ പ്രവർത്തകരായ വിസ്മയക്കും, നയനയടക്കമുള്ളവർക്കുമെതിരെ നടന്നത് പുരുഷ പോലീസിന്റെ അതിക്രൂരമായ അക്രമമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കു നേരെ പോലീസ് നടപടി ഉണ്ടാകുമ്പോൾ വനിതാ പോലീസ് ഉണ്ടാകണമെന്ന സുപ്രീം കോടതിയുടെ ഉത്തരവാണ് ലംഘിച്ചിരിക്കുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് പുരുഷ പോലീസ് വിസ്മയയെ മർദ്ദിച്ചത്. എല്ലാ നിയമ സംവിധാനങ്ങളെയും അപ്രസക്തമാക്കിയാണ് പിണറായിയുടെ പോലീസ് പ്രവർത്തിക്കുന്നത്. യുവമോർച്ച വനിതാ പ്രവർത്തകർക്കു നേരെ പുരുഷ പോലീസ് നടത്തിയ അക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായി സുരേന്ദ്രൻ അറിയിച്ചിരുന്നു.

