കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വിചാരണ നീണ്ടുപോകുകയാണെന്നും 6 വര്‍ഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു പ്രതിയുടെ വാദം.
അതേസമയം, ക്രൂരമായ ആക്രമണമാണ് നടിയ്ക്ക് നേരെ ഉണ്ടായതതെന്ന് കോടതി ചൂണ്ടിക്കാട്ടി. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
വിചാരണ നടപടികള്‍ക്കായി തന്നെ വീഡിയോ കോണ്‍ഫറന്‍സിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് പള്‍സര്‍ സുനി കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന്, വിചാരണ നടക്കുന്ന ദിവസങ്ങളില്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സാക്ഷി വിസ്താര വേളയില്‍ സുനില്‍ കുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കി.

