ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് അഭിമാന നേട്ടം. ഡിആർഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ നാവിക സേന കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈൽ അറബിക്കടലിൽ കപ്പലിൽ നിന്നാണ് വിക്ഷേപിച്ചത്.
പരീക്ഷത്തിനായി ഉപയോഗിച്ചത് കൊൽക്കത്ത ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ യുദ്ധക്കപ്പലാണ്. സ്വയംപര്യാപ്തതയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പരീക്ഷണമെന്ന് നാവിക സേന വൃത്തങ്ങൾ അറിയിച്ചു. ബ്രഹ്മോസ് മിസൈലുകൾക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് മിസൈലിന്റെ നിർമ്മാണം നടത്തിയത്.
മിസൈലിൽ കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായി ഡിആർഡിഒ ഗവേഷണം നടത്തുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ വളർച്ചയെയാണ് ഇവ സൂചിപ്പിക്കുന്നത്.

