നിത്യാനന്ദയുടെ ‘കൈലാസ രാജ്യ’വുമായുള്ള കരാർ റദ്ദാക്കി യുഎസ് നഗരം നെവാർക്ക്

ന്യൂഡൽഹി: സ്വയംപ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’യുമായുള്ള സഹോദരിനഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. കൈലാസയെ കുറിച്ചുള്ള കാര്യങ്ങൾ അറിഞ്ഞയുടനെ നടപടിയെടുക്കുകയും ജനുവരി 18ന് കരാർ റദ്ദാക്കുകയും ചെയ്തുവെന്നാണ് നെവാർക്ക് സിറ്റി കമ്യൂണിക്കേഷൻസ് വകുപ്പ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ വ്യക്തമാക്കിയത്.

വഞ്ചനയുടെ അടിസ്ഥാനത്തിൽ നടന്ന ചടങ്ങ് അടിസ്ഥാനരഹിതവും വ്യർഥവുമായിരുന്നുവെന്നും ഇത് ഖേദകരമായ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരബന്ധം, പിന്തുണ, പരസ്പര ബഹുമാനം എന്നിവയാൽ പരസ്പരം സമ്പന്നമാക്കുന്നതിന് വൈവിധ്യമാർന്ന സംസ്‌കാരങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിക്കാൻ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നിൽ സാങ്കൽപ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നായിരുന്നു നിത്യാനന്ദയുടെ അവകാശവാദം. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തു വരികയും ചെയ്തിരുന്നു. ജനുവരി 12നാണ് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും തമ്മിലുള്ള സഹോദരിനഗര കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.