ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ തങ്ങളുടെ ആളുകൾ സജീവമായുണ്ടെന്ന വെളിപ്പെടുത്തലുമായി ഐസിസ്. ‘വോയ്സ് ഓഫ് ഖുറാസൻ’ എന്ന മാസികയിലൂടെയാണ് ഐസിസ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഏത് സംസ്ഥാനത്താണ് ഭീകരർ സജീവമായുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം നടന്ന രണ്ട് സ്ഫോടനങ്ങളിൽ തങ്ങളുടെ പങ്കിനെ കുറിച്ചും മാസികയിൽ ഐസിസ് വ്യക്തമാക്കുന്നു.
കേരളത്തിലടക്കം ഐസിസ് തീവ്രവാദികൾ സജീവപ്രവർത്തനം നടത്തുന്നതായാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് കോയമ്പത്തൂരിൽ നടന്ന കാർ സ്ഫോടനവും നവംബർ 19 ന് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ പ്രഷർ കുക്കർ സ്ഫോടനവും നടത്തിയത് തങ്ങളുമായി ബന്ധമുള്ളവരാണെന്ന് ഐസിസ് മാസികയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളിൽ രണ്ടാഴ്ച മുൻപ് ദേശീയഅന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഐസിസ് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണമാണ് ‘വോയ്സ് ഓഫ് ഖുറാസാൻ’.

