ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 7നാണ് നാഗാലാൻഡിലും മേഘാലയയിലും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മാർച്ച് 8 നാണ് ത്രിപുരയിൽ സത്യപ്രതിജ്ഞ ചടങ്ങ്.
ബിജെപി ഉൾപ്പെടുന്ന സഖ്യമാണ് നാഗാലാൻഡിലും മേഘാലയയിലും സർക്കാർ രൂപീകരിക്കുന്നത്. ത്രിപുരയിൽ ബിജെപിയാണ് സർക്കാർ രൂപീകരിക്കുക. മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
ത്രിപുരയിൽ 60 അംഗ സഭയിൽ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. മേഘാലയയിൽ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നാണ് എൻപിപിബിജെപി സഖ്യം ഭരണത്തുടർച്ച നേടിയത്. നിലവിലെ സർക്കാരിനു നേതൃത്വം നൽകുന്ന എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

