കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ പി.കെ അശോകനെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല’- മന്ത്രി വ്യക്തമാക്കി.
അതേസമയം, ഡോ. അശോകനെതിരെ നടന്നത് കൊലപാതക ശ്രമമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (IMA) ആരോപിച്ചു. ‘സ്കാന്‍ റിപ്പോര്‍ട്ട് വൈകി എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് തികഞ്ഞ കാടത്തമാണ്. ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി ചികിത്സ തുടരാന്‍ ആകില്ല. ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകര്‍ക്കുകയും കാര്‍ഡിയോളജി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തിലാകമാനം ചികിത്സ നടപടികള്‍ നിര്‍ത്തിവച്ച് സമരം നടത്തും. ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാര്‍ക്കുകയും ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികള്‍ ശുഷ്കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി ആക്രമണങ്ങള്‍ ഡോക്ടര്‍മാരെ ഡിഫന്‍സീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടും. അത് ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുവാന്‍ ഇടയാകും’- ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ വെച്ച് ഒരാഴ്ച്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ചികിത്സയിലായിരുന്ന രോഗിയുടെ സിടി സ്കാന്‍ റിപ്പോര്‍ട്ട് വൈകിയെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് ഡോക്ടറെ മര്‍ദ്ദിക്കുന്നതിലും ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കുന്നതിലും എത്തിയത്. ഡോക്ടര്‍ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടയില്‍ യുവതിയുടെ സി ടി സ്കാന്‍ റിസള്‍ട്ട് വൈകിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. ഡോക്ടര്‍ അനിതയുടെ ഭര്‍ത്താവാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അശോകന്. ഇദ്ദേഹത്തെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

