ദോഹ: ധനിക രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ വിമർശനവുമായി ഐക്യരാഷ്ട്ര സഭാ തലവൻ അന്റോണിയോ ഗുട്ടെറസ്. ഖത്തറിൽ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസ് ധനിക രാജ്യങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഉയർന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് നിലനിൽപ്പിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ശ്വാസം മുട്ടിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ധനിക രാജ്യങ്ങൾക്കും കുത്തകകൾക്കും കടക്കെണിയിൽ പെട്ടുലയുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ പ്രതിവർഷം 500 ബില്യൺ ഡോളർ നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ദരിദ്ര രാജ്യങ്ങളോടുള്ള ശക്തരായ രാജ്യങ്ങളുടെ പെരുമാറ്റത്തെ അദ്ദേഹം വിമർശിച്ചു. സമ്പന്ന രാജ്യങ്ങളാണ് ആഗോള സാമ്പത്തിക സംവിധാനം രൂപകല്പന ചെയ്തത്. പ്രധാനമായും അവരുടെ പ്രയോജനത്തിനായി മാത്രമായിരുന്നു അത്. സമ്പന്ന രാജ്യങ്ങൾ അവരുടെ മൊത്ത ദേശീയ വരുമാനത്തിന്റെ 0.15-0.20 ശതമാനം ദരിദ്ര രാജ്യങ്ങൾക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

