സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം; കർണാടകയിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തി ആം ആദ്മി

ബംഗളൂരു: കർണാടകയിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കർണാടകയിൽ അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം, മികച്ച ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എഎപിയ്ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഴിമതിയില്ലാത്ത അഞ്ചുവർഷ ഭരണം കാഴ്ചവയ്ക്കാൻ എ.എ.പി.ക്ക് ഒരവസരം തരൂ. ആംആദ്മി പാർട്ടി അഴിമതിയോട് സഹിഷ്ണുത കാണിക്കില്ല. എഎപിക്കാർ സത്യസന്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018-ലെ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ അഴിമതി ഇരട്ടിയായെന്നും ബി.ജെ.പി.യുടെ ഇരട്ട എൻജിൻ ഭരണം വലിച്ചെറിഞ്ഞ് പുതിയ എൻജിനുള്ള സർക്കാരിനുവേണ്ടി വോട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നല്ല ജനതയാണ് സംസ്ഥാനത്തുള്ളത്. പക്ഷേ, നേതൃത്വം അങ്ങനെയല്ല. അവർ ലോകത്തിനു മുന്നിൽ കർണാടകയെ അപകീർത്തിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്നും കെജ്രിവാൾ വിമർശിച്ചു.