മുംബയ്: വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നലെ മുംബയ് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആരംംഭിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബയ് ഇന്ത്യന്‍സ് ബേത്ത് മൂണി നയിച്ച ഗുജറാത്ത് ജയന്റ്സിനെ 143 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത20 ഓവറില്‍ 207/5 എന്ന സ്കോറാണ് നേടിയത്.മറുപടിക്കിറങ്ങിയ ഗുജറാത്തിന് 15.1 ഓവറില്‍ 64/9 എന്ന സ്കോറിലേ എത്താനായുള്ളൂ.
ടോസ് നേടിയ ഗുജറാത്ത് മുംബയ്യെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 30 പന്തുകളില്‍ 65 റണ്‍സ് നേടിയ ഹര്മന് പ്രീത് കൗറും 47 റണ്‍സടിച്ച ഹേയ് ലി മാത്യൂസും 24 പന്തുകളില്‍ 45 റണ്‍സടിച്ച അമേരലിയ കേറുമാണ് മുംബയ്ക്ക് കരുത്തായത്. മൂന്നാം ഓവറില്‍ യഷ്തിക ഭാട്യയെ വേയര്ഹാമിന്റെ കയ്യിലെത്തിച്ച് തനുജ കന്‍വാര്‍ വനിതാ പ്രിമിയര്‍ ലീഗിലെ ആദ്യ വിക്കറ്റിന് ഉടമയായി. തുടര്‍ന്ന് നാറ്റ് ഷീവര്ബ്രണ്ടും (23) ഹേയ്ലി മാത്യൂസും ചേര്‍ന്ന് 8.5 ഓവറില്‍ 69 റണ്‍സിലെത്തിച്ചു. അവിടെവച്ച് ഷീവര്ബ്രണ്ടിനെ വേയര്ഹാം മടക്കി അയച്ചു.10-ാം ഓവറില്‍ ഹേയ്ലി മാത്യൂസിനെ ഗാര്‍ഡ്നര്‍ ബൗള്‍ഡാക്കുകയായിരുന്നു. 31 പന്തുകള്‍ നേരിട്ട ഹേയ്ലി മൂന്ന് ഫോറും നാലുസിക്സും പായിച്ചു.
മറുപടിക്കിറങ്ങിയ ഗുജറാത്ത് ടീമിന് ആദ്യഓവറില്‍ത്തന്നെ ക്യാപ്ടന് മൂണിയെ പരിക്ക് മൂലം നഷ്ടമായി. തുടര്‍ന്ന് 12 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റുകള്‍ വീണുകഴിഞ്ഞിരുന്നു. പിന്നീട് ആ ആഘാതത്തില്‍ നിന്ന് കരകയറാനുമായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ സൈക ഇഷാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നാറ്റ്ഷീവര് ബ്രണ്ടും അമേലിയ കേറുമാണ് ഗുജറാത്തിനെ തകര്‍ത്തത്.

