ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കാനായില്ല; വീടുകളിലെ മാലിന്യ നീക്കം താല്‍ക്കാലിമായി നിര്‍ത്തിവെയ്ക്കുന്നുവെന്ന് നഗരസഭ

കൊച്ചി: കൊച്ചി നഗരത്തില്‍ ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്തതിനാല്‍ വീടുകളിലെ മാലിന്യ നീക്കം താത്കാലിമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് നഗരസഭ അറിയിച്ചു. മാലിന്യ കൂമ്പാരത്തിന് അകത്തേയ്ക്ക് വെള്ളം പമ്ബ്ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തോളമായി പ്ലാസ്റ്റിക് മാലിന്യത്തിലെ തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ നിയന്ത്രണ വിധേയമാക്കുമെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപ്പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടരുകയും 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. എന്നാല്‍, പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും പുകയാല്‍ മൂടി. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ നാവികസേനയും സന്നദ്ധത അറിയിച്ചു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിയമര്‍ന്നു.

അതേസമയം, ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്ബലമുകള്‍, പെരിങ്ങാല, ഇരുമ്ബനം, കാക്കനാട് പ്രദേശങ്ങളിലാണ് പുകശല്യം കൂടുതലുള്ളത്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറും മേയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രഹ്മപുരത്ത് നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി.