വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് മുന്നേറ്റം; ത്രിപുരയിൽ അധികാരം ഉറപ്പിച്ചു

അഗർത്തല: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് മുന്നേറ്റം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിൽ രണ്ടിടത്തും ബിജെപി അധികാരം ഉറപ്പിച്ചു. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്.

ത്രിപുരയിൽ അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇരു ദേശീയ പാർട്ടികളും ഒന്നിച്ചിട്ടും കേവലം 15 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. തിപ്രാമോത്ത പാർട്ടി 11 സീറ്റുകളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് വലിയ മുന്നേറ്റമാണ് കരസ്ഥമാക്കാൻ കഴിഞ്ഞത്. ദേശീയ ജനാധിപത്യ സഖ്യം 40 സീറ്റുകൾ നേടി. എൻപിഎഫ് മൂന്ന് സീറ്റുകളും മറ്റുള്ള പാർട്ടികളും സ്വതന്ത്രരും ചേർന്ന് 17 സീറ്റുകളും നേടി. മേഘാലയയിൽ എൻപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 25 സീറ്റുകൾ ഭരണകക്ഷി സ്വന്തമാക്കി. ബിജെപി, തൃണമൂൽ, കോൺഗ്രസ് എന്നിവർ അഞ്ച് സീറ്റുകൾ വീതം നേടി. സഖ്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്കാണ് ബിജെപി മത്സരിച്ചത്.