രാജ്യത്തെ സിഖ് കാര്യങ്ങളിൽ പാക് ചാര സംഘടന ഐഎസ്‌ഐയുടെ ഇടപെടൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ സിഖ് കാര്യങ്ങളിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐ ഇടപെടുന്നുവെന്ന് റിപ്പോർട്ട്. പാകിസ്താനിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പും ഇന്ത്യയിലെ സിഖ് കാര്യങ്ങളും നിയന്ത്രിക്കാൻ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിനായി ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥനെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ സിഇഒ ആയി പാക് സർക്കാർ നിയമിച്ചതായും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപുരിന്റെ മേൽനോട്ടം വഹിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരം. സിഖ് മതവും ചരിത്രവും പരിശീലിപ്പിച്ചതിനു ശേഷമാണ് ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിനെ ഐഎസ്ഐ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

അമൃത്പാൽ സിങ് ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്നതിനു മുൻപ് ജോർജിയ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ നിന്നാകാം ഇത് പഠിച്ചതെന്നുമാണ് സൂചനകൾ. അമൃത്പാലിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി ഐഎസ്‌ഐ സഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.