ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മനീഷ് സിസോദിയെ അറസ്റ്റ് ചെയ്ത് സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ, നാളെ അദ്ദേഹത്തെ വിട്ടയയ്ക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. അദ്ദേഹത്തിന് എതിരായ എല്ലാ കേസുകളും പിൻവലിക്കും. സത്യേന്ദർ ജെയിൻ ഇന്ന് ബിജെപിയിൽ ചേർന്നാൽ, എല്ലാ കേസുകളും പിൻവലിച്ച് ജയിൽ മുക്തനാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിയല്ല വിഷയം. മന്ത്രിമാർ ചെയ്ത നല്ല പ്രവർത്തനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ചെയ്ത മികച്ച പ്രവർത്തനത്തെ അട്ടിമറിക്കുകയാണ് മനീഷ് സിസോദിയുടെ അറസ്റ്റ് വഴി ബിജെപിയുടെ ലക്ഷ്യം. മദ്യനയത്തിലെ അഴിമതി എന്നത് ഒരു ഒഴിവ്കഴിവുമാത്രമാണ്, സിസോദിയ ബിജെപിയിൽ ചേർന്നാൽ, നാളെ കൊണ്ട് അതവസാനിക്കും. സിസോദിയയുടെ ലോക്കറും വസതിയും പരിശോധിച്ചിട്ട് ആയിരം രൂപ പോലും കിട്ടിയിട്ടില്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. എഎപിയുടെ മുന്നോട്ടുപോക്കിനെ തടയണമെന്ന ലക്ഷ്യമാണ് ബിജെപിയ്ക്ക്. എഎപി പഞ്ചാബിൽ ജയിച്ചുകയറിയ ശേഷം ഞങ്ങളെ അവർക്ക് ഒട്ടും സഹിക്കാനാവുന്നില്ല. എഎപിയുടെ മികച്ച പ്രവർത്തനം ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ആണെന്നും, സിസോദിയ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ സമഗ്ര പരിവർത്തനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

