കോഴിക്കോട്: ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടത് പാർട്ടി നേതൃത്വമല്ല വിശ്വാസികളാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേവസ്വം ബോർഡ് ഭരണസമിതിയിൽ സജീവ രാഷ്ട്രീയ പ്രവർത്തകർ വേണ്ടെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇ പി ജയരാജന്റെ നിലപാട് തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം രാജ്യത്തെ എല്ലാ പാർട്ടികൾക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും ബാധകമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസികളായ ആളുകളും പാർട്ടി കമ്മിറ്റിയിൽ ഉണ്ടാകും. അവർക്ക് ക്ഷേത്ര കമ്മിറ്റിയിൽ അംഗങ്ങളാകുന്നതിൽ തടസമില്ല. ഇടത് മുന്നണി കൺവീനർ കൂടിയായ ഇപി ജയരാജന് ഏതുസമയത്തും താൻ നയിക്കുന്ന ജനകീയ പ്രതിഷേധ ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കകത്ത് തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി എന്തെല്ലാം തെറ്റായ പ്രവണതയുണ്ടോ അതിനെയെല്ലാം പാർട്ടി ഫലപ്രദമായി പരിഹരിച്ച് മുന്നോട്ടുപോകും. കളകളുണ്ടെങ്കിൽ പറിച്ചുകളയും. തെറ്റുചെയ്ത ആരേയും പാർട്ടി സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

