ജയ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് റായ്പൂര്‍ പ്‌ളീനറി സമ്മേളനത്തില്‍ തീരുമാനമായി. മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും പ്‌ളീനറി സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ മൂന്നാം മുന്നണിക്കുപകരം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ശക്തമായ പ്രതിപക്ഷമാണ് വേണ്ടതെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മതേതര, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിലൂടെയാണ് പ്രതിപക്ഷം ശക്തിപ്പെടേണ്ടത്. മതേതര ശക്തികളെ അണിനിരത്താനുള്ള ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ത്രിപുരയിലും പശ്ചിമബംഗാളിലും സി പി എമ്മുമായി ചേര്‍ന്ന് ബി ജെപിയ്ക്കും തൃണമൂലിനുമെതിരെ നടത്തുന്ന പോരാട്ടത്തിന് സമാനമായ ഐക്യമാണ് വേണ്ടത്. എന്‍ ഡി എയെ നേരിടാന്‍ പ്രതിപക്ഷ ഐക്യത്തിനേ കഴിയൂ. ഉത്തരവാദിത്വവും പ്രതികരണ ശേഷിയുമുള്ള പ്രതിപക്ഷമായും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. പ്രാദേശിക വിഷയങ്ങളില്‍ പ്രചാരണം നടത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ അധികാരം തിരിച്ചു പിടിച്ച് കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ ലക്ഷ്യം നിര്‍വചിക്കണം. 2024ല്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന ബി ജെ പിയുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും പ്രമേയം വ്യക്തമാക്കുന്നു.

