ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര പാർട്ടിയുടെ വളർച്ചയിൽ നിർണായക വഴിത്തിരിവാണെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഈ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ കോൺഗ്രസ് പ്ലീനറി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് സോണിയാ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നു. യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ. രാഹുലിന്റെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തിൽ ഏറെ നിർണായകമായതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
കോൺഗ്രസിനും രാജ്യത്തിനും വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. കേന്ദ്ര സർക്കാരിനെതിരെ സോണിയാ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി-ആർഎസ്എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് അട്ടിമറിക്കുകയാണ്. എതിർശബ്ദങ്ങളെ അവർ നിശബ്ദമാക്കി. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശമുണ്ടാക്കി. രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചു. പാർട്ടി ഇന്നുനേരിടുന്ന സാഹചര്യം താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലത്തെ ഓർമ്മിപ്പിക്കുന്നതാണ്. നിർണായക സമയത്ത് ഓരോരുത്തരും പാർട്ടിയോടും രാജ്യത്തോടും പ്രത്യേക ഉത്തരവാദിത്തം നിർവഹിക്കണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.

