കെ എസ് ആർ ടി സിയിൽ നിർബന്ധിത വോളന്ററി റിട്ടയർമെന്റ് സ്‌കീം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല; ഗതാഗത മന്ത്രി

പാലക്കാട്: കെ എസ് ആർ ടി സിയിൽ നിർബന്ധിത വോളന്ററി റിട്ടയർമെന്റ് സ്‌കീം (വി ആർ എസ്) നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിശദമാക്കി.

കെ എസ് ആർ ടി സിയിൽ നിർബന്ധിത വി ആർ എസ് നടപ്പാക്കാൻ നീക്കം നടക്കുന്നതായും ഇതിനായി 50 വയസ് പിന്നിട്ട 7500 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയെന്നുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.