ദുബായ്: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തുമായി നടനും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ. പണം വാങ്ങി മലയാള സിനിമയെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകർക്കാനും മലയാളത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സിനിമാ മേഖലയിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാരിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാം. ടിക്കറ്റ് വിൽക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്. ഒരു കോടി രൂപ കൊടുത്താൽ യൂട്യൂബർമാർ സിനിമ നല്ലതാണെന്ന് പറയും. പണം കൊടുത്തിട്ടില്ലെങ്കിൽ എത്ര നല്ല സിനിമയേയും മോശമെന്ന് ഇവർ വിമർശിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററിൽ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുക. ഇതിന് പിന്നിൽ ഗൂഢ സംഘമുണ്ട്. ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷത്തെ പോലെ താൻ പ്രവർത്തിക്കുന്നു എന്ന വിമർശനത്തിൽ അടിസ്ഥാനമില്ല. ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരെയല്ല തന്റെ വിമർശനമെന്നും സംവിധാനത്തിലെ പോരായ്മകളെയാണ് വിമർശിക്കുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

