ഒപ്പിട്ട് നൽകിയത് അർഹനായ ആൾക്ക്; എംഎൽഎ എന്ന നിലയിലാണ് ഒപ്പുവെച്ചതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം കിട്ടാൻ താൻ എംഎൽഎ എന്ന നിലയിൽ ഒപ്പിട്ട് നൽകിയത് അർഹനായ ആൾക്കെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് വൃക്കകളും തകരാറിലായ വ്യക്തിയെ വ്യക്തിപരമായി അറിയാമെന്നും വരുമാനം 2 ലക്ഷത്തിൽ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎ എന്ന നിലയിലാണ് താൻ ഒപ്പുവെച്ചത്. വിഷയത്തിൽ വിശദമായ പരിശോധന നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

സിഎംഡിആർഫ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.