അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയും

വാഷിംഗ്ടൺ: 2024 ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി. പ്രമുഖ ടെലിവിഷൻ ചാനലായ ഫോക്സ് ന്യൂസിലൂടെയാണ് രാമസ്വാമി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ സംരംഭകരിൽ ഒരാളാണ് വിവേക് രാമസ്വാമി. സാമൂഹിക പ്രവർത്തനം, എഴുത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമാണ്.

ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമാണ് 37 വയസുകാരനായ വിവേക്. കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. വി ജി രാമസ്വാമിയാണ് വിവേകിന്റെ പിതാവ്. ഇദ്ദേഹം വടക്കാഞ്ചേരി സ്വദേശിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറായ ഇദ്ദേഹം പേറ്റന്റ് അഭിഭാഷകനും കൂടിയായിരുന്നു. ഗീത രാമസ്വാമിയാണ് വിവേകിന്റെ മാതാവ്. തൃപ്പുണിത്തുറ സ്വദേശിനിയാണ് ഇവർ. തെക്ക് പടിഞ്ഞാറൻ ഓഹിയോവിലാണ് വിവേകും കുടുംബവും താമസിക്കുന്നത്.

ഇന്ത്യൻ വംശജയായ നിക്കി ഹേലിയും വിവേക് രാമസ്വാമിയും ഉൾപ്പെടെ മൂന്ന് പേരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. യുഎന്നിലെ മുൻ അമേരിക്കൻ സ്ഥാനപതിയാണ് നിക്കി ഹേലി. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരാൾ.